India, News

പ്രമുഖ ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു

keralanews famous actress sreedevi passes away

മുംബൈ:പ്രമുഖ ചലച്ചിത്ര താരം ശ്രീദേവി(54) അന്തരിച്ചു.ഹൃദയാഘാതം മൂലം ദുബായിൽ വച്ചാണ് അന്ത്യം.ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്.പ്രമുഖ നിർമാതാവ് ബോണി കപൂർ ഭർത്താവാണ്.ജാന്‍വി, ഖുഷി എന്നിവർ മക്കളാണ്.ബോണി കപൂറിന്‍റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.2013ൽ പത്മശ്രീ ലഭിച്ചു.രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ അവാർഡുകളും കിട്ടിയിട്ടുണ്ട്. ആലിംഗനം, തുലാവർഷം, സത്യവാൻ സാവിത്രി, നാല് മണി പൂക്കൾ, ദേവരാഗം കുമാര സംഭവം ഉള്‍പ്പെടെ 26 മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്.1967ൽ നാലാം വയസിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി ശ്രീദേവി സിനിമ അരങ്ങേറ്റം കുറിച്ചു.1971ൽ പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളാ സംസ്ഥാന പുരസ്കാരം നേടി.1976ൽ കെ. ബാലചന്ദറിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തിയത്.ഗായത്രി, പതിനാറ് വയതിനിലെ, സിഗപ്പ് റോജാക്കൾ, പ്രിയ, നിന്തും കോകില, മുണ്ട്രാം പിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 979-ൽ സോൾവ സവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.1997-ല്‍ സിനിമാ രംഗത്ത് നിന്ന് ശ്രീദേവി താത്കാലികമായി വിടപറഞ്ഞെങ്കിലും 2012ൽ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തി. കഴിഞ്ഞ വർഷം റിലീസായ മോം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

Previous ArticleNext Article