ചാലക്കുടി: കലാഭവൻ മണി മരിച്ചിട്ട് ഇന്നേയ്ക് ഒരു വര്ഷമായെങ്കിലും മരണത്തിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബം ചാലക്കുടി കലാമന്ദിറില്‍ നടത്തിവന്നിരുന്ന മൂന്നുദിവസത്തെ നിരാഹാരം അനിശ്ചിതകാലത്തേക്കാക്കി.സഹോദരന്‍ രാമകൃഷ്ണന്‍ ആണ് ജ്യേഷ്ടന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നത്. മണിയുടെ ശരീരത്തിലെ വിഷാംശം അറിയാന്‍ നടത്തിയ ആന്തരികാവയവങ്ങളുടെ രാസപരിശോധന അട്ടിമറിച്ചെന്നും അതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് രാമകൃഷ്ണന്‍ സമരം നടത്തുന്നത്. അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്തുതന്നെ ശരീരത്തില്‍ വിഷാംശം കലര്‍ന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മഞ്ഞപ്പിത്തമാണ് മരണകാരണമെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. കുടുംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍പോലും പ്രതികള്‍ക്ക് അനുകൂലമായി പോലീസ് എഴുതിയെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.