കൊച്ചി:ശബരിമല വിഷയത്തിൽ ദുരുദ്ദേശപരമായി ഹർജി നൽകിയതിന് ശോഭ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴയിട്ടു.ഹരജി പിന്‍വലിച്ച് മാപ്പ് പറയാമെന്ന ശോഭയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ശബരിമല പ്രശ്നം കോടതിയിൽ ഉന്നയിച്ചത്.ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും പിഴ വിധിക്കുകയാണെന്നും കോടതി പറഞ്ഞു.ശബരിമല വിഷയത്തില്‍ പൊലീസുകാരുടെ വീഴ്ചക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.വികൃതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ശോഭ സുരേന്ദ്രൻ ഹർജി സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും താക്കീത് നൽകി. ശോഭാസുരേന്ദ്രനെതിരായുള്ള നടപടി എല്ലാവർക്കും പാഠമായിരിക്കണമെന്ന് പറഞ്ഞ കോടതി പിഴയായി ഈടാക്കുന്ന തുക ലീഗൽ സർവീസസ് സൊസൈറ്റിയിലേക്ക് അടയ്ക്കാനും ഉത്തരവിട്ടു.എന്നാല്‍ പിഴ ഒടുക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.