കണ്ണൂർ:വാട്സ് ആപ്പ് വഴി വ്യാജ ഹർത്താൽ ആഹ്വാനം ചെയ്തവരും പ്രചരിപ്പിച്ചവരുമായി നൂറോളം പേർ കണ്ണൂരും കാസർകോട്ടുമായി പിടിയിലായി. സമൂഹമാധ്യമങ്ങളിൽ ആരോ തുടങ്ങിവെച്ച ഹർത്താൽ ആഹ്വാനം വ്യാപകമായി പ്രചരിക്കുകയായിരുന്നു.ഞായറാഴ്ച്ച രാത്രി പന്ത്രണ്ടു മണിമുതൽ തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണി വരെ ഹർത്താൽ എന്നായിരുന്നു വ്യാജ പ്രചാരണം. കണ്ണൂർ ടൌൺ സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്ത 25 പേരും പോലീസിനെ കയ്യേറ്റം ചെയ്ത കേസിൽ ഇരിട്ടിയിൽ മൂന്നുപേരുമാണ് റിമാന്റിലായത്. ഹർത്താൽ അനുകൂലികളുടെ അക്രമത്തിൽ ഇരിട്ടി എസ്ഐക്ക് പരിക്കേറ്റിരുന്നു. കണ്ണൂരിൽ ഒരു വനിതാ സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെ ആറു പോലീസുകാർക്ക് പരിക്കേറ്റു.അപ്രഖ്യാപിത ഹർത്താൽ പ്രചാരണം നടത്തി കടയടപ്പിച്ചതിനും റോഡ് തടസ്സപെടുത്തിയതിനും സംഘം ചേർന്ന് പ്രകടനം നടത്തിയതിനും കാസർകോഡ് ടൌൺ പോലീസ് സ്റ്റേഷനിൽ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വ്യാജ ഹർത്താൽ ആഹ്വാനം നല്കിയവരെയും ഈ മെസ്സേജുകൾ പ്രചരിപ്പിച്ചവരെയും കണ്ടെത്താൻ പോലീസ് ഊർജിത ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.നിരവധി ഫോണുകൾ ഇന്നലെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഇത് വിശദമായ പരിശോധനകൾക്ക് വിധേയമാക്കും.