കണ്ണൂർ:വ്യാജ ദിനേശ് ബീഡി നിർമിച്ച് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ.രാമന്തളി കുന്നതെരുവിലെ വി.രാജീവനെയാണ്(55) തളിപ്പറമ്പ് എസ്‌ഐ കെ.പി ഷൈൻ അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ചൊവ്വാഴ്ച വൈകുന്നേരം പയ്യന്നൂരിൽ വെച്ച് എസ്‌ഐ യും ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ ദിനേശ് ബീഡി നിർമിക്കുന്നണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നേരത്തെ കേസെടുത്തിരുന്നു.വിതരണക്കാരായ രണ്ടുപേരെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.തുടർന്ന് മുഖ്യപ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് രാജീവനെ പിടികൂടിയത്.ചൊവ്വാഴ്ച രാത്രി തന്നെ പ്രതിയോടൊപ്പം എറണാകുളത്തേക്ക് തിരിച്ച അന്വേഷണ സംഘം പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്തെ ബീഡി നിർമ്മാണകേന്ദ്രം കണ്ടെത്തി. ഗോഡൗണില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജബീഡി ശേഖരവും അസംസ്‌കൃത സാധനങ്ങളും പിടിച്ചെടുത്തു.ദിനേശ് ബീഡിയുടെ ലേബലുകളും പിടികൂടി.കെട്ടിടം വാടകയ്‌ക്കെടുത്ത് സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ചാണ് വ്യാജ ബീഡി നിർമിച്ചിരുന്നത്.കഴിഞ്ഞ 35 വര്‍ഷമായി വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനാണ് രാജീവനെന്ന് പോലീസ് പറഞ്ഞു. നിരവധി തവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.ഇയാളുടെ സംഘത്തില്‍ പെട്ട എരുവാട്ടി സ്വദേശിയും വായാട്ടുപറല്‍ ഏത്തക്കാട്ട് ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അലകനാല്‍ ഷാജി ജോസഫ്, പുതിയതെരു അരയമ്പത്തെ കരിമ്പിന്‍കര കെ. പ്രവീണ്‍എന്നിവരെ കഴിഞ്ഞ മാസം 26 ന് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തിതിരുന്നു.ചെമ്പന്തൊട്ടി,ചപ്പാരപ്പടവ്, ആലക്കോട്, നടുവില്‍, കരുവഞ്ചാല്‍, ചെറുപുഴ, നല്ലോമ്പുഴ,ചിറ്റാരിക്കാല്‍,കമ്പല്ലൂര്‍,പാലാവയല്‍ പ്രദേശങ്ങളില്‍ ദിനേശ് ബീഡിയുടെ വില്‍പ്പന വലിയ തോതില്‍ കുറഞ്ഞതോടെ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളിലെല്ലാം പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്
Kerala, News
വ്യാജ ദിനേശ് ബീഡി വില്പന;മുഖ്യപ്രതി അറസ്റ്റിൽ
Previous Articleതലശ്ശേരിയിൽ അധ്യാപകൻ തീവണ്ടി തട്ടി മരിച്ചു