കണ്ണൂർ:വിദേശ ജോലിക്ക് വ്യാജ നഴ്സിംഗ് സർട്ടിഫിക്കറ്റ് നൽകിയ കേസിൽ കണ്ണൂർ ചെട്ടിപ്പീടികയിലെ മെഡ്‌സിറ്റി ഇന്റർനാഷണൽ അക്കാദമി എംഡി രാഹുൽ ചക്രപാണിക്കെതിരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.കോഴിക്കോട്ടു നിന്നുമുള്ള അന്വേഷണ ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി കേസ് സംബന്ധിച്ച രേഖകൾ പോലീസിൽ നിന്നും ശേഖരിച്ചു.കേസിൽ രാഹുൽ ചക്രപാണി സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി.രാഹുൽ ചക്രപാണിയുടെ സഹോദരൻ അനിൽ ചക്രപാണി ഒളിവിലാണ്.കണ്ണൂരിൽ മെഡിക്കൽ കോളേജും സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയും സ്ഥാപിക്കാൻ രാഹുൽ ചക്രപാണി വൻ തുക ഓഹരിയായി സ്വരൂപിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.300 കോടി രൂപ ചിലവിൽ അത്യാധുനിക ആശുപത്രിയും മെഡിക്കൽ കോളേജും സ്ഥാപിക്കുമെന്ന് ധരിപ്പിച്ച് രാഹുൽ ചക്രപാണി വൻ തുക പിരിച്ചെടുത്തിട്ടുള്ളതായി സംശയമുണ്ട്. പദ്ധതിയുടെ മതിപ്പുചിലവ് കണക്കും വിശദമായ പദ്ധതി രേഖയും എറണാകുളം നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൽ നടത്തിയ നിക്ഷേപക സംഗമത്തിൽ അവതരിപ്പിച്ചിരുന്നു.മുഖ്യമന്ത്രി ഉൽഘാടനം ചെയ്ത സംഗമത്തിൽ വിദേശത്തുനിന്നുള്ള നിക്ഷേപകരും പങ്കെടുത്തിരുന്നു.2,54,325 ചതുരശ്ര അടിയിൽ ഏഴുനില കെട്ടിടത്തിൽ 150 പേർക്ക് എംബിബിഎസ് പ്രവേശനം നൽകുന്ന മെഡിക്കൽ കോളേജ്, ഡെന്റൽ നഴ്സിംഗ് കോളേജുകൾ,550 കിടക്കകളുള്ള ആശുപത്രി എന്നിവ നിർമിക്കുമെന്നാണ് പദ്ധതിരേഖയിൽ ഉള്ളത്. മെഡ്‌സിറ്റി ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഓഹരി-നിക്ഷേപ സമാഹരണത്തിനായി ജനപ്രതിനിധികളുടെ പേരുകൾ ദുരുപയോഗം ചെയ്തതായും പരാതിയുണ്ട്.