തിരുവനന്തപുരം:കെട്ടിട നികുതി കൂട്ടിയും ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചും സംസ്ഥാന ബജറ്റ്.ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു. വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്ബോള്‍ ചുറ്റുപാടുള്ള ഭൂമിയില്‍ ഗണ്യമായ വിലവര്‍ധനയുണ്ടാകും. അതുകൊണ്ട് വന്‍കിട പ്രോജക്ടുകള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.3000-5000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 5000 രൂപയായാണ് കെട്ടിട നികുതി വര്‍ധിപ്പിച്ചത്. 5000-7500 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങളുടെ നികുതി 7500 രൂപയാണ്. 7500-10000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 10000 രൂപയുടെ കെട്ടിടനികുതിയായി ഈടാക്കും. 10000 അടിക്ക് മേലുളള കെട്ടിടങ്ങളുടെ കെട്ടിട നികുതി 12500 രൂപയായിരിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. അഞ്ചുവര്‍ഷത്തേക്കോ കൂടുതലോ കാലത്തേയ്ക്ക് കെട്ടിടനികുതി ഒരുമിച്ചടച്ചാല്‍ ആദായനികുതി ഇളവ് അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു. പോക്കുവരവിലും വര്‍ധന വരുത്തിയിട്ടുണ്ട്. ലോക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വര്‍ധിപ്പിച്ചു. പോക്കുവരവിന് ഫീസ് സ്ലാബ് പുതുക്കി പ്രഖ്യാപിച്ചു. തണ്ടപ്പേര് പകര്‍പ്പെടുക്കുന്നതിന് 100 രൂപ ഫീസായി ഈടാക്കുമെന്നും ബജറ്റില്‍ പറയുന്നു. വയല്‍ഭൂമി കരഭൂമിയാക്കുന്നതിന് കൂടുതല്‍ ഫീസ് ഈടാക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു.