Kerala, News

കാസര്‍കോട് ജില്ലയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം നിര്‍മ്മിക്കാനുള്ള ഫാക്ടറി സ്ഥാപിക്കും

keralanews factory to make alchohol from cashew will set up in kasarkode district

കാസർകോട്:കാസര്‍കോട് ജില്ലയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം നിര്‍മ്മിക്കാനുള്ള ഫാക്ടറി സ്ഥാപിക്കും.ഇതിനായി കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടറേറ്റ് തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കും.ഇതിന് എക്സൈസ് വകുപ്പിന്റെ അനുമതി കൂടി ലഭ്യമാകുന്നതോടെ മദ്യനിര്‍മ്മാണ ഫാക്ടറിയുടെ തുടര്‍ നടപടികള്‍ക്ക് വേഗതയേറും.ജില്ലയില്‍ 4500 ഹെക്റ്ററിലുള്ള കശുമാവിൻ തോട്ടങ്ങളിൽ നിന്നും പ്രതിവര്‍ഷം 1500 ടണ്‍ കശുവണ്ടി ലഭിക്കുമ്ബോള്‍ 15,000 ടണിലേറെയാണ് കശുമാങ്ങ ഉല്‍പാദിപ്പിക്കുന്നത്.എന്നാല്‍ ഇവയത്രയും ഇപ്പോള്‍ പാഴാക്കികളയുകയാണ് ചെയ്യുന്നത്. കശുമാങ്ങ വഴി വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇവയ്ക്കായി ഉപയോഗിക്കുന്നത് ഉല്‍പാദനത്തിന്റെ പത്തിലൊന്ന് കശുമാങ്ങ മാത്രമാണ്. അതുകൊണ്ട് തന്നെ പാഴാക്കി കളയുന്ന കശുമാങ്ങയെയും വരുമാനമാക്കി മാറ്റാനാണ് കാര്‍ഷിക സര്‍വ്വകലാശാലയും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ലക്ഷ്യമിടുന്നത്. പരീക്ഷണാര്‍ത്ഥം കാസര്‍കോട് ജില്ലയില്‍ കശുമാങ്ങ മദ്യം നിര്‍മ്മിക്കുന്നത് വിജയകരമായാല്‍ ഇത് സംസ്ഥാന വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്.സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കശുമാങ്ങയിലൂടെ മദ്യം ഉല്‍പാദിപ്പിക്കുമ്ബോള്‍ ഗുണമേന്‍മയുള്ള മദ്യം ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ കഴിയുമെന്ന് കൃഷിവകുപ്പും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും കണക്കു കൂട്ടുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനേക്കാള്‍ കൂടിയ തോതിൽ കര്‍ഷകരും കശുമാവ് കൃഷി നടത്തിവരുന്നുണ്ട്. ഇവരും കശുവണ്ടി ശേഖരിച്ച ശേഷം കശുമാങ്ങ പാഴാക്കി കളയുകയാണ് ചെയ്യുന്നത്.കശുമാങ്ങ ഫാക്ടറി യാഥാര്‍ത്ഥ്യമാകുമ്ബോള്‍ കര്‍ഷകരില്‍ നിന്ന് കൂടി കശുമാങ്ങ സംഭരിക്കുന്നത് കര്‍ഷകര്‍ക്കും ഗുണകരമാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Previous ArticleNext Article