Kerala, News

മണ്ഡലകാലത്ത് മാലയിട്ട് വ്രതമെടുത്ത് മലചവിട്ടുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടു;കണ്ണൂർ സ്വദേശിനിയായ യുവതിക്കുനേരെ ഭീഷണി

keralanews facebook post saying plan to visit sabarimala threat against lady in kannur

കണ്ണൂർ:മണ്ഡലകാലത്ത് മാലയിട്ട് വ്രതമെടുത്ത് മലചവിട്ടുമെന്ന് ഫേസ്ബുക് പോസ്റ്റിട്ട കണ്ണൂർ സ്വദേശിനിയായ യുവതിക്കുനേരെ ഭീഷണി.കണ്ണൂർ ചെറുകുന്ന് സ്വദേശിനിയായ രേഷ്മ നിഷാന്ത് എന്ന യുവതിക്കുനേരെയാണ് ഭീഷണി.ഫേസ്ബുക് പോസ്റ്റിട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് രേഷ്മയ്ക്ക് നേരെ ഭീഷണി ഉയർന്നിരിക്കുന്നത്.സംഭവത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടുമെന്ന് രേഷ്മയുടെ ഭർത്താവ് നിഷാന്ത് പറഞ്ഞു.രേഷ്മയുടെ കണ്ണപുരം അയ്യോത്തുള്ള വീട്ടിലെത്തി ചിലർ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നു ഇവിടെയെത്തിയ പ്രതിഷേധക്കാര്‍ പറഞ്ഞതായി രേശ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു.’എല്ലാവരും മദ്യലഹരിയിലായിരുന്നു. അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം മുക്കാല്‍ മണിക്കൂറോളം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു’; രേഷ്മ പറഞ്ഞു.രേഷ്മ ഒറ്റയ്ക്കല്ലെന്നും ഒപ്പം വിശ്വാസികളായ കുറച്ചു സ്ത്രീകളും ശബരിമലയിലേക്ക് പോകുന്നുണ്ടെന്നും എന്നാൽ ഈ സാഹചര്യത്തിൽ ഭീഷണി ഭയന്നാണ് ഇവരുടെ പേരുവിവരം വെളിപ്പെടുത്താത്തതെന്നും നിഷാന്ത് വിശദീകരിച്ചു.

കണ്ണൂരിലെ ഒരു സെൽഫ്  ഫൈനാൻസിംഗ് കോളേജിൽ താൽക്കാലിക അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച് വരികയാണ് രേഷ്മ.കഴിഞ്ഞ ദിവസമാണ് തനിക്ക് ശബരിമലയിലേക്ക് പോകാൻ താത്പര്യമുണ്ടെന്ന് കാണിച്ച് രേഷ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.താൻ ഒരു വിശ്വാസിയാണെന്നും എല്ലാ മണ്ഡലകാലത്തും മലചവിട്ടാനാകില്ലെന്ന ഉറപ്പോടെ വ്രതമെടുക്കാറുണ്ടെന്നും രേഷ്മ പറഞ്ഞു.എന്നാൽ കോടതി വിധി അനുകൂലമായതോടെ ഇത്തവണ മാലയിട്ട് വ്രതമെടുത്ത്  അയ്യപ്പനെ കാണാൻ പോകണമെന്ന് ആഗ്രഹമുണ്ട്.ആർത്തവം എന്നത് ശരീരത്തിന് ആവശ്യമില്ലാത്തതിനെ പുറന്തള്ളുന്നത് മാത്രമായാണ് താൻ കാണുന്നത്. അതിനാൽ പൂർണ്ണ ശുദ്ധിയോടുകൂടി വ്രതം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും രേഷ്‌മ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

Previous ArticleNext Article