Kerala, News

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

keralanews extreme levels of thunderstorms are expected in the state for the next four days orange alert in three districts

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും ഞായറാഴ്ച വരെ ഇത് തുടര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കോട്ടയത്ത് രാവിലെയും ശക്തമായ മഴയുണ്ടായിരുന്നു. മറ്റ് ജില്ലകളില്‍ മഴ കുറഞ്ഞിരിക്കുകാണ്. എന്നാല്‍ അടുത്ത കുറച്ച്‌ ദിവസങ്ങള്‍ കൂടി ജാഗ്രത പുലര്‍ത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍ പൊട്ടി. ആളപായമില്ല. അന്‍പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പുലര്‍ച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. രാത്രിയില്‍ പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട മഴ തുടര്‍ന്നു. ഇന്ന് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി കല്ലാര്‍ ഡാം തുറന്നു. വെളുപ്പിന് 2.30 മുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.മലപ്പുറം ജില്ലയില്‍ രാത്രിയില്‍ കാര്യമായ മഴ ഉണ്ടായില്ല. വയനാട്ടില്‍ കനത്ത മഴയ്ക്ക് ശമനം.കോഴിക്കോട് നഗര മേഖലകളില്‍ ഇന്നലെ മുതല്‍ മഴയില്ല. എന്നാല്‍ മലയോര മേഖലകളില്‍ നല്ല മഴ തുടരുന്നു.കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ അടക്കം പുലര്‍ച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ഇപ്പോള്‍ മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മഴ പെയ്യുന്നത് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Previous ArticleNext Article