ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപുതന്നെ രാജ്യത്ത് മൂന്നാം തരംഗവും ആരംഭിക്കുമെന്ന സൂചന നല്‍കി വിദഗ്ദര്‍. പരമാവധി നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം ചെറുപ്രായക്കാരെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പും വിദഗ്ദര്‍ നല്‍കുന്നുണ്ട്.അതുകൊണ്ടുതന്നെ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്ക് വേണ്ടി ഓരോ ആശുപത്രികളിലും ഓക്‌സിജന്‍ സൗകര്യങ്ങളോടു കൂടിയ കൂടുതല്‍ ബെഡ് ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും അത്തരം വിഭാഗങ്ങളില്ലാത്തയിടങ്ങളില്‍ ഒരു ഡോക്ടറെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കണമെന്നും വിദഗ്ദര്‍ പറയുന്നു.അതിനിടെ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം ആരംഭിക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്സിന്റെ മുന്നറിയിപ്പ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം ആരംഭിക്കാമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം ചെറുപ്രായക്കാരെ കൂടുതല്‍ ബാധിച്ചേക്കാമെന്നും ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി.കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കും മൂന്നാം തരംഗത്തില്‍ ബാധിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകുമെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചു. അതേസമയം മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്ത് പ്രതിരോധ വിഭാഗം ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.