ബെംഗളൂരു:ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചു. ചന്ദ്രനില്‍ രാത്രിയായതോടെ വിക്രവുമായി ബന്ധപ്പെടാനുള്ള എല്ലാ സാധ്യതയും കഴിഞ്ഞു .സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനാണ് ഇനി ഇസ്രോയുടെ ശ്രമം.സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന വിക്രം ലാന്‍ഡറിന്റെ ആയുസ് 14 ദിവസമായിരുന്നു. ചന്ദ്രനിലെ 14 ദിവസത്തെ പകല്‍ അവസാനിച്ച് അത്ര തന്നെ ദൈര്‍ഘ്യമുള്ള രാത്രി തുടങ്ങിയതോടെ ലാന്‍ഡറിന് ഇനി പ്രവര്‍ത്തിക്കാനാകില്ല. ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ഐ.എസ്.ആര്‍.ഒ ശ്രമങ്ങളും ഇതോടെ തീരുകയാണ്. മാത്രവുമല്ല രാത്രി തുടങ്ങിയതോടെ ദക്ഷിണ ധ്രുവത്തിലെ താപനില മൈനസ് 180 ഡിഗ്രി വരെ താഴും. ഈ സമയത്ത് ലാന്‍ഡറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടുവരാനും സാധ്യതയുണ്ട്. അതിനാല്‍ ചന്ദ്രനില്‍ ഇനിയൊരു പകല്‍ വരുമ്പോഴേക്കും ലാന്‍ഡറിന് സുരക്ഷിതമായി നിലനില്‍ക്കാന്‍ ആകില്ല.സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലാണ് നിലവില്‍ ഐ.എസ്.ആര്‍.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രവത്തിന്റെ ചിത്രങ്ങളും പരിശോധിക്കുന്നുണ്ട്. നിലവില്‍ ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നാണ് ഇസ്രോ അറിയിച്ചിട്ടുണ്ട്.