
പേരാവൂർ:നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ,ലഹരി ഗുളികയായ സ്പാസ്മോ പ്രോക്സി വോൺ എന്നിവ കടത്തിയ മൂന്ന് യുവാക്കളെ പേരാവൂർ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ചൊക്ലി സ്വദേശി മുഹമ്മദ് റയീസ്(29),ധർമടം സ്വദേശി കെ.വി ഷുഹൈബ്(28),ഈസ്റ്റ് പള്ളൂർ സ്വദേശി സി.എച് തംസീം(30) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.വ്യാഴാഴ്ച വൈകിട്ട് മുരിങ്ങോടി ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇവർ സഞ്ചരിച്ച കാറിൽ നിന്നും മയക്കുമരുന്നും ലഹരിഗുളികകളും പിടികൂടിയത്.സിന്തറ്റിക് മയക്കുമരുന്നുകളിൽ ഏറ്റവും വീര്യം കൂടിയതും അന്താരാഷ്ട്ര വിപണയിൽ വിലപിടിപ്പുള്ളതുമായ മയക്കുമരുന്നാണ് എം.ഡി.എം.എ. ഒരു കിലോ എം.ഡി.എം.എ ക്ക് കോടികൾ വിലവരും.പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. എക്‌സൈസ് ഇൻസ്പെക്റ്റർ എ.കെ വിജേഷ്,പ്രിവന്റീവ് ഓഫീസർമാരായ എം.ബി സുരേഷ് ബാബു,എം.പി സജീവൻ,പി.സി ഷാജി,സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.എൻ സതീഷ്,പി.എസ് ശിവദാസൻ,കെ.ശ്രീജിത്ത്,എൻ.സി വിഷ്ണു,എക്‌സൈസ് ഡ്രൈവർ കെ.ടി ജോർജ് എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.