കോട്ടയം:കേരളത്തിൽ ഇപ്പോൾ ലഭിക്കുന്നത് എത്തനോൾ ചേർത്ത പെട്രോളാണ്.കേന്ദ്ര സർക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധന സംരംഭത്തിന്റെ ഭാഗമായാണ് 10 ശതമാനം എത്തനോൾ ചേർത്ത പെട്രോൾ കേരളത്തിൽ ലഭ്യമാക്കിയിരിക്കുന്നത്.എന്നാൽ ഇത്തരത്തിൽ എത്തനോൾചേർത്ത ഇന്ധനം ഉപയോഗിക്കുന്നതിനെ തുടർന്നുണ്ടായിരിക്കുന്ന ചില പ്രശ്നങ്ങൾ പൊതുജനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് കേരളത്തിലെ പെട്രോൾ പമ്പ് ഉടമകൾ. ഇന്ത്യയിലെ പഞ്ചസാര നിർമാണത്തിന്റെ ഏറ്റവും വലിയ ഉപോല്പന്നമാണ് ജൈവഇന്ധനം എന്നറിയപ്പെടുന്ന എത്തനോൾ.ഇവ ഇന്ധനത്തിൽ ചേർക്കാനായാൽ ക്രൂഡോയിൽ ഇറക്കുമതി ഉൾപ്പെടെ കുറയ്ക്കാനാകും.എന്നാൽ എത്തനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുമ്പോൾ വെള്ളം വില്ലനാവുകയാണ്. വെള്ളത്തിന്റെ ചെറിയ അംശം പോലും എത്തനോളുമായി കലരും.അതായത് അന്തരീക്ഷത്തിലെ ഈർപ്പത്തിൽ നിന്ന് പോലും പമ്പിലെ ടാങ്കിലുള്ള ഇന്ധനത്തിൽ ജലാംശം എത്തിച്ചേരാം. പെട്രോളിൽ ജലാംശം കലർന്നാൽ പ്രത്യേക പാളിയായി ടാങ്കിന്റെ അടിയിൽ അടിയും.അതുകൊണ്ടുതന്നെ എൻജിനിൽ വെള്ളം എത്തില്ല.എന്നാൽ എത്തനോൾ കലർത്തുന്നതോടെ പെട്രോളിന്റെ ജലത്തെ ലയിപ്പിക്കാനുള്ള ശേഷി കൂടുകയും വെള്ളം പെട്രോളിനൊപ്പം കലർന്ന് എൻജിനിൽ എത്തുകയും ഇതുമൂലം വാഹങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.
പമ്പ് ഉടമകൾ വിചാരിച്ചാൽ മാറ്റാവുന്ന പ്രശ്നമല്ല ഇത്.ഇതൊഴിവാക്കാൻ പെട്രോളിയം കമ്പനികൾ ടാങ്കുകളിലെ ജലാംശം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം.പമ്പിലെ ടാങ്കുകളോ മറ്റു സംവിധാനങ്ങളോ നന്നാക്കാനോ പരിശോധിക്കാനോ ഉള്ള അനുവാദം പമ്പ് ഉടമകൾക്കില്ല.ടാങ്ക് അടക്കം എല്ലാം പെട്രോളിയം കമ്പനിയുടേതാണ്.ഓരോ ലോഡ് ഇന്ധനവും വരുമ്പോൾ അതിന്റെ വിലയുടെ കൂടെ ടാങ്ക് ശുചിയാക്കാനുള്ള മെയ്ന്റനൻസ് ചാർജ് കൂടി കമ്പനികൾ ഈടാക്കുന്നുണ്ട്.അതിനാൽ പെട്രോൾ ടാങ്കിൽ ഒരംശം പോലും ജലാംശം ഇല്ല എന്ന് കമ്പനികളാണ് ഉറപ്പാക്കേണ്ടത്.പക്ഷെ കേരളത്തിൽ ഇതുവരെ ഇതിനുള്ള ഒരു സജ്ജീകരണവും ഏർപ്പെടുത്തിയിട്ടില്ല.വർഷത്തിൽ ആറുമാസത്തോളം മഴ ലഭിക്കുന്ന സംസ്ഥാനത്ത് പെട്രോൾ പമ്പുകളിലെ ഭൂഗർഭ ടാങ്കുകളിൽ പോലും വെള്ളം കയറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നും പമ്പുടമകൾ പറയുന്നു.
കേരളത്തിലെ കാലാവസ്ഥയിൽ നിലവിലെ സംവിധാനത്തിൽ ഇത്തരത്തിൽ എത്തനോൾ ചേർന്ന ഇന്ധനം എത്തുന്നത് വാഹന ഉടമകൾക്ക് വലിയ നഷ്ട്ടം ഉണ്ടാക്കും.പമ്പുകളിലെ ഭൂഗർഭ ടാങ്കുകളിൽ നിലവിലുള്ള ജലാംശം ഇല്ലാതാക്കുന്ന നടപടികൾ പൂർത്തിയാക്കുന്നതിനു മുൻപ് ഓയിൽ കമ്പനികൾ എത്തനോൾ ബ്ലെൻഡഡ് ഇന്ധനത്തിന്റെ വിതരണം ആരംഭിച്ചതാണ് നിലവിൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.ഓയിൽ കമ്പനികൾ പമ്പുകളിൽ കൃത്യമായ പരിശോധന നടത്തി ടാങ്കുകൾ പൂർണ്ണമായും ജലമുക്തമാക്കാനുള്ള നടപടികൾ എടുക്കുകയും ഇത്തരത്തിൽ ജലമുക്തമാണെന്നുള്ള സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുകയും ചെയ്യണം.അതുപോലെ മറ്റൊരു പ്രധാന കാര്യമാണ് പമ്പുകളിലേക്ക് ഇന്ധനമെത്തിക്കുന്ന ടാങ്കർ ലോറികളുടെ കാര്യവും.ഇത്തരം ലോറികൾ കാലിബ്രേറ്റ് ചെയ്യുന്നത് വെള്ളം നിറച്ചാണ്.ഈ ടാങ്കറുകളിൽ ജലസാന്നിധ്യം ഒഴിവാക്കാനുള്ള സംവിധാനവും ഓയിൽ കമ്പനികൾ ഒരുക്കിയിട്ടില്ല.മഴക്കാലത്ത് ഇത്തരം ടാങ്കറുകളിൽ ഇന്ധനമെത്തിക്കുമ്പോൾ വെള്ളം കേറാനുള്ള സാധ്യതയുമുണ്ട്.ടാങ്കറുകളിൽ ജലാംശം ഉണ്ടാവാതിരിക്കാനുള്ള സാധ്യത പൂർണ്ണമായും ഒഴിവാക്കിയിട്ട് വേണം കമ്പനികൾ എത്തനോൾ അടങ്ങിയ പെട്രോൾ പമ്പുകളിലേക്ക് എത്തിക്കേണ്ടത്.
ഇക്കാര്യങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അറിവുനൽകാനായി ഓയിൽ കമ്പനികൾ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യണം.ലഭ്യമായ എല്ലാ മാധ്യമങ്ങളും അതിനായി കമ്പനികൾ സ്വീകരിക്കണം.പൊതുസമൂഹത്തിന്റെ പ്രതിനിധികൾ,പമ്പുടമകൾ എന്നിവരുടെ പങ്കാളിത്തം ഇതിൽ ഉറപ്പുവരുത്തുകയും വേണമെന്നും പമ്പുടമകൾ ആവശ്യപ്പെടുന്നു.അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയും മലിനീകരണവും കുറയ്ക്കാൻ 2025 ഓടെ പെട്രോളിൽ 25 ശതമാനം എത്തനോൾ ചേർത്ത് വിതരണം ചെയ്യാനുള്ള നടപടികൾ ഊർജമന്ത്രാലയം തുടങ്ങിക്കഴിഞ്ഞു.എഥനോൾ കലർത്തിയ പെട്രോൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ എത്തനോൾ ബയോ റിഫൈനറി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ പഞ്ചാബിലെ ഭട്ടിണ്ടയിൽ സ്ഥാപിക്കുകയാണ്.എച്ച് പി സി എൽ ഉൾപ്പെടെ മറ്റ് പൊതുമേഖലാ എണ്ണക്കമ്പനികൾ 11 സംസ്ഥാനങ്ങളിൽ 12 എത്തനോൾ ബയോ റിഫൈനറികൾ സ്ഥാപിക്കാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.10000 കോടി രൂപയാണ് ഇതിന്റെ മുതൽമുടക്ക്.പെട്രോളിയം കമ്പനികൾ ഇത്തരത്തിൽ ലാഭമുണ്ടാക്കുമ്പോൾ വാഹന ഉടമകൾക്ക് മെയിന്റനൻസ് കോസ്റ്റ് അടക്കം കൂടുകയാണ്.
ഇക്കാര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പമ്പുടമകളുടെ ആവശ്യം.ക്രൂഡോയിലുമായി താരതമ്യം ചെയ്യുമ്പോൾ എത്തനോളിന്റെ വില തുച്ഛമായതിനാൽ 10 ശതമാനം എഥനോൾ ചേർക്കുമ്പോൾ പോലും കമ്പനികൾക്ക് വലിയ ലാഭമാണുണ്ടാകുന്നത്.എന്നാൽ റീറ്റെയ്ൽ സെല്ലിങ് പ്രൈസിൽ ഇത് പ്രതിഫലിക്കുന്നില്ല. എത്തനോൾ ബ്ലെൻഡഡ് ഫ്യൂവലിന്റെ ദോഷഫലങ്ങൾ മാത്രം ഉപഭോക്താവിന് ലഭിക്കുന്നു എന്നത് മാത്രമാണ് ഈ പരിഷ്‌ക്കാരം കൊണ്ടുണ്ടാകുന്ന ഏക ഫലമെന്നും പമ്പുടമകൾ പറയുന്നു.