കോട്ടയം:കോവിഡ് 19 രോഗവ്യാപന സാധ്യതയുടെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് വഴി പെട്രോൾ പമ്പ് മേഖല കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി പ്രസ്താവനയിൽ അറിയിച്ചു.സംസ്ഥാനത്ത് ലോക്ക് ഡൗണിന് മുൻപുണ്ടായതിനെ അപേക്ഷിച്ച് 95 ശതമാനത്തോളം വിൽപ്പനയിൽ കുറവുണ്ടായി.ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള ദൈനംദിന ചിലവുകൾ പോലും പ്രദാനം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഈ രംഗത്ത് നിലനിൽക്കുന്നതെന്ന് ലീഗൽ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. പൊതുഗതാഗത സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമായാൽ മാത്രമേ നിലവിലുള്ള പ്രതിസന്ധിക്ക് അൽപ്പമെങ്കിലും അയവുണ്ടാകൂ.റിസർവ് ബാങ്ക് എല്ലാ വായ്‌പ്പാ തിരിച്ചടവിനും മൂന്നു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പമ്പുടമകൾക്ക് ഈ ആനുകൂല്യം പോലും ലഭിക്കുന്നില്ല എന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.
ബാങ്കുകൾ പമ്പുടമകൾക്ക് മൂലധന വായ്‌പകൾ നൽകുന്നത് ഇ.ഡി.എഫ്.എസ് എന്ന സംവിധാനത്തിലൂടെയാണ്.ഇതിനുള്ള ശുപാർശ നൽകുന്നതാകട്ടെ ഓയിൽ മാർക്കറ്റിങ് കമ്പനികളും.എന്നാല ഓയിൽ കമ്പനികൾ തങ്ങളുടെ ഡീലർമാർ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ് ആവശ്യമായ നിർദേശങ്ങൾ ബാങ്കുകൾക്ക് നല്കാൻ ഇതുവരെ തയ്യാറായിട്ടില്ല.അതിനാൽ ഈ അക്കൗണ്ടുകൾ ഇപ്പോൾ നിർജീവമായ അവസ്ഥയിലാണ്. അതോടൊപ്പം ചുരുങ്ങിയ കാലയളവിലേക്ക് ഉൽപ്പന്നം കടമായി നൽകുന്ന കമ്പനികൾ ഡീലർമാരിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള പലിശയാണ് ഈടാക്കുന്നത്.ഓയിൽ കമ്പനികൾ പുതിയതായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് പമ്പുടമകൾ എൺപത് ശതമാനത്തോളം ഉൽപ്പന്നം സ്റ്റോക്ക് ചെയ്യണമെന്നാണ്.ഇത് നിലവിലുള്ള പ്രതിസന്ധിക്ക് ആക്കം കൂറ്റൻ മാത്രമേ സഹായകരമാകൂ.
സർക്കാർ വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധനം കടമായി നൽകുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റെല്ലാ അടിസ്ഥാനപരമായ സേവനങ്ങൾക്കും മുടക്കമില്ലാത്ത ഇന്ധന വിതരണം ഉറപ്പുവരുത്തുന്ന അവശ്യ സർവീസുകളുടെ പരിധിയിൽ വരുന്ന പെട്രോൾ പമ്പ് മേഖലയ്ക്ക് മുൻഗണനാ ക്രമത്തിൽ തന്നെ അനിവാര്യമായ പിന്തുണ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ലീഗൽ സർവീസ് സൊസൈറ്റി ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഇതിനാവശ്യമായ നിർദേശം ഓയിൽ കമ്പനികൾക്ക് നൽകണമെന്നും അവർ കൂട്ടിച്ചേർത്തു.