തിരുവനന്തപുരം:നാടകീയ രംഗങ്ങൾക്കൊടുവിൽ 27 മണിക്കൂർ നീണ്ട തിരച്ചിൽ നടപടികൾ പൂർത്തിയാക്കി ബിനീഷിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് സംഘം മടങ്ങി.തിരച്ചിലില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്നും ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള മഹ്സറില്‍ ഒപ്പുവെയ്ക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. പിന്നീട് ഇവരുടെ അമ്മയുടെ മൊബൈൽ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത് സംബന്ധിച്ച് മാത്രം ഇവര്‍ ഒപ്പിട്ടു നല്കി. ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റും പോലീസിനെ അറിയിച്ചിട്ടുണ്ട്.എന്‍ഫോഴ്സ്മെന്റ് പരിശോധനയില്‍ രണ്ടര വയസുള്ള കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്റെ ഭാര്യാമാതാവ് മാധ്യമങ്ങളെ അറിയിച്ചു. ഇതിനെതിര മനുഷ്യാവകാശ കമ്മിഷനേയും വനിതാ കമ്മിഷനേയും സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ഇഡിയുടെ പരിശോധനയ്ക്കെതിരെ സിജെഎം കോടതിയില്‍ ബന്ധുക്കള്‍ ഹര്‍ജി നല്കി.അതേസമയം വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം സംസ്ഥാന പോലീസ് തടഞ്ഞു. ബിനീഷിന്റെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. താമസ സ്ഥലത്ത് എത്തിയാല്‍ വിശദീകരണം നല്‍കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ പോകാന്‍ അനുവദിച്ചത്.മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടന്ന റെയ്ഡ് 27 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്.ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താന്‍ കേരളത്തിലെ ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്കി.