തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് കൊച്ചി ഇ.ഡി ഓഫീസിലെത്താൻ ശിവശങ്കറിന് നിർദേശം നൽകി. അതേസമയം ശിവശങ്കര്‍ നല്കിയ മൊഴി വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് തീരുമാനം. 22 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എന്തെല്ലാം സഹായങ്ങള്‍ പ്രതികള്‍ക്ക് ചെയ്ത് നല്കിയിട്ടുണ്ടെന്ന ചോദ്യങ്ങളാണ് പ്രധാനമായിട്ടും ഉണ്ടായിരുന്നത്. ഇതിനെല്ലാം മറുപടി പറഞ്ഞെങ്കിലും ഈ മൊഴി തൃപ്തികരമല്ലെന്നാണ് കസ്റ്റംസ് നല്കുന്ന സൂചന. പല കാര്യങ്ങളും ശിവശങ്കരന്‍ മറച്ച് വെച്ചതായാണ് വിവരം. സ്വപ്ന അടക്കമുള്ള പ്രതികളുമായി സൌഹൃദം മാത്രമാണെന്നായിരുന്നു ആദ്യത്തെ മൊഴി. എന്നാല്‍ ഇത് ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. കൂടുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതികള്‍ ബോധപൂർവ്വം ശിവശങ്കരനെ കരുവാക്കിയതാണോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.