കോഴിക്കോട്: കെ എം ഷാജി എംഎല്‍എയെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുന്നു.ചോദ്യം ചെയ്യലിനായി രാവിലെ പത്തുമണിയോടെ കെ.എം.ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി.പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍. ചൊവ്വാഴ്ച പത്തര മണിക്കൂറാണ് ഷാജിയെ ചോദ്യം ചെയ്തത്. വേണ്ടത്ര രേഖകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കെ.എം.ഷാജി പറഞ്ഞു. ഷാജിയുടെ വരുമാന ഉറവിടത്തെക്കുറിച്ചായിരുന്നു ഇ.ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്. പ്രധാനമായും എം.എല്‍.എ ആയതിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.ഭാര്യയുടെ പേരിലുള്ള കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീടിന്റെ നിര്‍മ്മാണത്തിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന വിവരങ്ങള്‍ അറിയാനായി കെ.എം ഷാജിയുടെ ഭാര്യയെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഷാജിയാണെന്നാണ് ഭാര്യ അറിയിച്ചത്. അക്കാര്യങ്ങളെ കുറിച്ചും ഇ.ഡി ഷാജിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.വീട് നിര്‍മിക്കാന്‍ ഭാര്യ വീട്ടുകാര്‍ ധനസഹായം നല്‍കിയതിന്റെ രേഖകള്‍ ഷാജി ഹാജരാക്കി. അക്കൗണ്ട് വഴിയാണ് പണം നല്‍കിയത്. രണ്ട് വാഹനങ്ങള്‍ വിറ്റു. 10 ലക്ഷം രൂപ വായ്പയെടുത്തു.വയനാട്ടിലെ കുടുംബസ്വത്തില്‍ നിന്നുള്ള വിഹിതവും ഉപയോഗിച്ചു. വയനാട് കേന്ദ്രമായി ആരംഭിച്ച ജ്വല്ലറി ഗ്രൂപ്പില്‍ പങ്കാളിത്തമുണ്ടായിരുന്നു. 2010 ല്‍ പങ്കാളിത്തം ഒഴിഞ്ഞപ്പോള്‍ ലഭിച്ച പണവും വീട് നിര്‍മാണത്തിന് ഉപയോഗിച്ചതായി ഷാജി ഇഡിയെ അറിയിച്ചു.