ചെന്നൈ:തഞ്ചാവൂരിൽ ക്ഷേത്രത്തിലെ രഥഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു.മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. കാളിമേടിന് സമീപമുളള ക്ഷേത്രത്തിലായിരുന്നു അപകടം ഉണ്ടായത്.ഇന്ന് പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. രഥം വളവിൽ തിരിക്കുന്നതിനിടെ പിന്നോട്ട് എടുത്തപ്പോഴാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ രഥത്തിന്റെ മുകൾഭാഗം തട്ടുകയായിരുന്നു. രഥത്തിൽ 30 അടിയോളം ഉയരത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. വൈദ്യുത പ്രവാഹത്തിൽ രഥത്തിലുണ്ടായിരുന്നവർ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു.10 പേർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ 13 പേരെ തഞ്ചാവൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെ പരിക്കേറ്റവർക്ക് ഒപ്പം ഉണ്ടായിരുന്ന 13 കാരനും മരിക്കുകയായിരുന്നു.രഥം ഏറെക്കുറെ പൂർണമായി കത്തിയ നിലയിലാണ്. ജില്ലാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയതിനാൽ വലിയ തിരക്കായിരുന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. അതേസമയം മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു.