കണ്ണൂര്‍ : എല്ലാവര്‍ക്കും വൈദ്യുതിയെന്ന സ്വപ്നനേട്ടത്തിനരികെ കണ്ണൂര്‍ ജില്ല. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, ധര്‍മടം, തലശേരി നിയോജക മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകൃത മണ്ഡലങ്ങളായി പ്രഖ്യാപിച്ചുകഴിഞ്ഞു. അഴീക്കോട്, മട്ടന്നൂര്‍ മണ്ഡലങ്ങള്‍ നൂറുശതമാനം കണക്ഷനുകള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ്. ജില്ലയില്‍ പദ്ധതിയിലൂടെ പന്ത്രണ്ടായിരം കണക്ഷനുകളാണ് നൽകിയത്. എസ്സി വിഭാഗത്തിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വയറിങ് നടത്താനുള്ള ഫണ്ടും വൈദ്യുതി ബോര്‍ഡ് അധികഫണ്ടും അനുവദിച്ചാണ് ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നത്. സമ്പൂര്‍ണ സാക്ഷരതായജ്ഞം പോലെ വിപ്ളവകരമായ നേട്ടമാണ് പദ്ധതിയിലൂടെ ജില്ല കൈവരിച്ചത്. സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യം ഫലപ്രദമായി നടപ്പാക്കിയ ജില്ലകളുടെ മുന്‍നിരയിലാണ് കണ്ണൂരിന്റെ സ്ഥാനം.