തിരുവനന്തപുരം: കെഎസ്ഇബി രൂപീകരണത്തിന്റെ 65-ാം വാർഷികത്തോടനുബന്ധിച്ച് 65 ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കാനൊരുങ്ങി വൈദ്യുതി ബോർഡ്. ഹരിത ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ പുറത്തിറക്കുന്നത്. കെഎസ്ഇബിയുടെ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ ഡീസൽ കാറുകൾക്ക് പകരമായിരിക്കും പുതിയ ഇലക്ട്രിക് വാഹനങ്ങൾ.തിങ്കളാഴ്ച രാവിലെ കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രിമാരായ കൃഷ്ണൻകുട്ടിയും, ആന്റണി രാജുവും പങ്കെടുത്തു. ഭാവിയിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനാണ് കെഎസ്ഇബി പദ്ധതിയിടുന്നത്. വരും വർഷങ്ങളിൽ സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ഇബി ചെയർമാൻ ബി.അശോക് പറഞ്ഞു.വൈവിധ്യമാർന്ന പരിപാടികളാണ് കെഎസ്ഇബി@65 ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 7 മുതൽ 31 വരെ ഒരുക്കിയിരിക്കുന്നത്. അതേസമയം, 62 കാർ ചാർജിങ് സ്റ്റേഷനുകളുടെയും 1,150 ഇരുചക്രവാഹന ചാർജിങ് സ്റ്റേഷനുകളുടെയും നിർമ്മാണം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.