കണ്ണൂർ:സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും.ഇതിന്റെ ഭാഗമായി മലപ്പുറം ഒഴികെയുള്ള ജില്ലാ സഹകരണ ബാങ്കുകൾ പൊതുയോഗം വിളിച്ച് നിയമസഭാ പാസാക്കിയ ഭേദഗതി അംഗീകരിച്ചു.പ്രാഥമിക സഹകരണ സംഘങ്ങൾ,സഹകരണ റൂറൽ ബാങ്കുകൾ,ലൈസൻസുള്ള സഹകരണ അർബൻ ബാങ്കുകൾ എന്നിവയ്ക്ക് മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തുന്നതാണ് ഭേദഗതി.നിലവിൽ വനിതാ സൊസൈറ്റികൾ,സ്കൂൾ സഹകരണ സൊസൈറ്റികൾ,കൺസ്യുമർ സംഘങ്ങൾ,മാർക്കറ്റിങ് സംഘങ്ങൾ തുടങ്ങിയവയ്ക്ക് വോട്ടവകാശമുണ്ട്.ഇവരെ ഒഴിവാക്കിയശേഷമുള്ള വോട്ടർ പട്ടിക അടുത്ത ദിവസം പ്രസിദ്ധപ്പെടുത്തും.മലപ്പുറം ഒഴികെയുള്ള എല്ലാ ബാങ്കുകളും നേടാമെന്നതാണ് എൽ ഡി എഫ് പ്രതീക്ഷിക്കുന്നത്.മലപ്പുറത്ത് പ്രാഥമിക ബാങ്കുകളിലും ഭൂരിപക്ഷം യുഡിഎഫിനായതിനാലാണ് ഭേദഗതി പാസാക്കാൻ കഴിയാതിരുന്നത്.കേരളാ ബാങ്ക് രൂപീകരിക്കുന്ന സാഹചര്യത്തിൽ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നായിരുന്നു ആദ്യം സർക്കാർ തീരുമാനിച്ചിരുന്നത്.എന്നാൽ കേരളാ ബാങ്ക് നിലവിൽ വരാൻ ഇനിയും ഒരു വർഷം കൂടി വേണം.ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിലെത്തുന്ന ഭരണസമിതിക്ക് കേരളാ ബാങ്ക് വരുന്നതോടെ ഒഴിവാക്കേണ്ടി വരും.