India, News

യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

keralanews election commission warns yogi adithyanath

ന്യൂഡൽഹി:യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് അഭിസംബോധന ചെയ്തതിനാണ് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തത്.കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തിനിടെയാണ് യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തെ ‘മോദി സേന’ എന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും കമ്മീഷന്‍ യോഗിയോട് വിശദീകരണം തേടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കമ്മീഷന്റെ നടപടി.മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഔചിത്യം പാലിക്കണമെന്നും ഇത്തരം പ്രസ്ഥാവനകൾ ഇനി ആവർത്തിക്കരുതെന്നും യോഗിക്കയച്ച കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു.അതിനിടെ, കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാന്‍ രാജീവ് കുമാറിനേയും കമ്മീഷൻ ശാസിച്ചു. ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ പ്രസ്താവനയിലും പ്രവര്‍ത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ കമ്മീഷന്‍ , നീതി ആയോഗ് വൈസ് ചെയർമാൻ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി.നീതി ആയോഗ് വൈസ് ചെയർമാൻ എന്ന നിലയിലല്ല സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന രീതിയിലാണ് താൻ ന്യായ് പദ്ധതിയെ വിമര്‍ശിച്ചതെന്ന് രാജീവ് കുമാര്‍ വിശദീകരിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

Previous ArticleNext Article