Kerala, News

സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍;ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ

keralanews election commission said that there will be 38586 double votes in the state court verdict on petition of chennithala tomorrow

തിരുവനന്തപുരം:സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബി.എൽ.ഒമാരുടെ പരിശോധനയിൽ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.ഇരട്ടവോട്ട് തടയാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയിൽ പറഞ്ഞു.പോളിങ്ങിനു വരുന്ന പട്ടികയില്‍ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. ഇരട്ടവോട്ടുള്ള വ്യക്തിയെ കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാന്‍ സമ്മതിക്കുകയുള്ളൂവെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഒരേ പേരും ഒരേ മേല്‍വിലാസവുമുള്ളവര്‍ നിരവധി ഉണ്ടാവുമെന്നും എന്നാല്‍ ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഹൈക്കോടതിയിൽ രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്. നാല് ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടന്നാണ് രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചത്. എന്നാൽ കമ്മീഷന്റെ അന്വേഷണത്തിൽ, മുപ്പത്തിയെണ്ണായിരം ഇരട്ട വോട്ടുകളാണ് ഉള്ളതെന്ന് മനസ്സിലാക്കിയിട്ടുള്ളത്. അത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാകാമെന്നും കമ്മിഷൻ പറഞ്ഞു.അതേസമയം യഥാര്‍ഥ പരിശോധനയിലേക്ക് കടന്നാല്‍ ഈ കണക്കുകള്‍ കുത്തനെ ഇടിയുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മണ്ഡലം മാറി ഇരട്ടവോട്ടുള്ളത് മൂന്ന് പേര്‍ക്ക് മാത്രമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയ 38,586 പേരുടേയും വീട്ടിലേക്ക് ബിഎല്‍ഒമാര്‍ നേരിട്ടെത്തും. വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പോളിങ്ങിനുപയോഗിക്കുന്ന വോട്ടര്‍പട്ടികയില്‍ ഇത് രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഈ വോട്ടര്‍ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോൾ പോളിങ് ഓഫീസര്‍ ഇയാളെ പരിശോധിക്കും. വോട്ടറില്‍ നിന്ന് ഒരു സത്യവാങ്മൂലം വാങ്ങിയതിനു ശേഷം മാത്രമാവും ഇയാളം വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുക. വോട്ടറുടെ ഫോട്ടോ എടുക്കും, ശേഷം കൈയില്‍ മഷി പുരട്ടി അത് ഉണങ്ങിയതിനു ശേഷം മാത്രമാവും പോളിങ് ബൂത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനുവദിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Previous ArticleNext Article