ന്യൂഡൽഹി:അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ.ഉത്തര്‍പ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളിയിരിക്കുന്നത്. ട്വിറ്ററിലൂടെ വീഡിയോ സഹിതമായിരുന്നു സ്മൃതി ആരോപണം ഉന്നയിച്ചിരുന്നത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതാണ് സ്മൃതി ട്വീറ്റ് ചെയ്തിരുന്നത്.ഇതിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ സ്മൃതി ഇറാനിയുടെ ഈ പരാതിയില്‍ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത് ഏജന്റ്മാരുമായും സംസാരിച്ചിരുന്നതായും പ്രചരിപ്പിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍.യു.വെങ്കടേശ്വര്‍ അറിയിച്ചു.