ശബരിമല:സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ എൺപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.സന്നിധാനത്ത് രാത്രി വിരിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് പ്രതിഷേധത്തിൽ കലാശിച്ചത്.ഹരിവരാസനം പാടി നടയടച്ച ശേഷവും പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മണിയാര്‍ എആര്‍ ക്യാമ്ബിലാണ് അറസ്റ്റ് ചെയ്തവരെ മാറ്റിയത്. മാളികപ്പുറത്തിനു സമീപത്തു നിന്നാണ് പ്രതിഷേധം ആരംഭിച്ചത്.നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവർക്ക് അതിനുള്ള സൗകര്യം പോലീസ് ഒരുക്കിയിരുന്നു.എന്നാൽ ബുക്ക് ചെയ്തിട്ടില്ല എന്ന് സംശയം തോന്നിയവരെ പോലീസ് ഒഴിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.ഒഴിവാക്കപ്പെട്ടവർ സംഘടിച്ചെത്തി വലിയ നടപന്തലിൽ പ്രതിഷേധം നടത്തുകയായിരുന്നു.എന്നാൽ ഇവിടെ നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശമാണെന്നും അതിനാൽ പ്രതിഷേധം നടത്താൻ പാടില്ലെന്നും പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല.അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചെങ്കിലും ഹരിവരാസനം പാടി നടയടച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂ എന്ന് പ്രതിഷേധക്കാർ അറിയിച്ചു.എന്നാൽ നടയടച്ചിട്ടും പ്രതിഷേധം തുടർന്നതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.