ശിവമോഗ: കര്‍ണാടകത്തില്‍ ക്രഷര്‍ യൂണിറ്റിലേക്ക് ട്രക്കില്‍ കൊണ്ടുപോവുകയായിരുന്നു ജെലാറ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ച് നടന്ന സ്‌ഫോടനത്തില്‍ എട്ട് മരണം.സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. മരിച്ച എല്ലാവരും തൊഴിലാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളില്‍ അനുഭവപ്പെട്ടു. അറുപത് കിലോമീറ്റര്‍ അകലെവരെ ശബ്ദം കേട്ടതായാണ് വിവരം.ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് സ്‌ഫോടനത്തിന്റെ പ്രകമ്പനമാണെന്ന് തിരിച്ചറിഞ്ഞത്.വ്യാഴാഴ്ച രാത്രി ശിവമോഗയില്‍ ഹോസനുഡ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. 54 ബോക്സുകളടങ്ങുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ ട്രക്കില്‍ പോകവേയാണ് അപകടമുണ്ടായത്. പ്രദേശത്ത് റെയില്‍പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ക്വാറിയുടെ ആവശ്യത്തിനാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്. അതേസമയം ഇത് അപകടം തന്നെയാണോ അതോ മറ്റേതെങ്കിലും അട്ടിമറിയാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്രയധികം സ്‌ഫോടകവസ്തുക്കളെത്തിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്ക് ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് ഉണ്ടായ പ്രകമ്പനത്തിൽ റോഡുകളില്‍ വിള്ളല്‍ വീണു. പ്രദേശത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.