അഹമ്മദാബാദ്:ഗുജറാത്തില്‍ കോവിഡ് ആശുപത്രിക്ക് തീ പിടിച്ച് എട്ട് രോഗികൾ മരിച്ചു. അഹമ്മദാബാദിലെ നവരംഗപുര ശ്രേയ് ആശുപത്രിയിലാണ് ഇന്ന് രാവിലെ തീ പിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരണപ്പെട്ടതെന്ന് അഹമ്മദാബാദ് ഫയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. മരിച്ച എല്ലാവരെയും കോവിഡ് വാര്‍ഡില്‍ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. അപകടത്തില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ 3.30ഓടെയാണ് ആശുപത്രിയുടെ ഐ.സി.യുവില്‍ തീ പിടുത്തമുണ്ടായത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന 4.30 ഓട് കൂടി തന്നെ തീ നിയന്ത്രണവിധേമാക്കി.അപകടത്തിന് ശേഷം ആശുപത്രിയിലുണ്ടായിരുന്ന 40ഓളം കോവിഡ് രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 50ഓളം കോവിഡ് രോഗികളായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. തീ പിടുത്തത്തിന് പിന്നിലെ കാരണം ഇത് വരെയും വ്യക്തമല്ല.അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. സ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രിയോടും മേയറോടും സംസാരിച്ചു. ദുരിതബാധിതര്‍ക്ക് ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം അടിയന്തര ധനസഹായം നല്‍കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു.പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.