തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം(1), കൊല്ലം(1), എറണാകുളം(2), തൃശ്ശൂർ(2), ആലപ്പുഴ(2) എന്നിങ്ങനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 37ആയി. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. തൃശ്ശൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.യുകെയിൽ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയ മൂന്ന് വയസുള്ള പെൺകുട്ടിക്കുൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.എയർപോർട്ടിലെ കൊറോണ പരിശോധനയിൽ മാതാപിതാക്കൾ നെഗറ്റിവായിരുന്നു. ഹോം ക്വാറന്റീനിലായിരുന്നു ഇവർ. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.റഷ്യയിൽ നിന്നും ഡിസംബർ 22ന് തിരുവനന്തപുരത്തെത്തിയ ആൾക്കും, ഡിസംബർ 16ന് നമീബിയയിൽ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഡിസംബർ 17ന് ഖത്തറിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനിക്കും, 11ന് ഖത്തറിൽ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിക്കും ഒമിക്രോൺ ആണെന്ന് പരിശോധനയിൽ കണ്ടെത്തി.കെനിയയിൽ നിന്നും 13ന് എറണാകുളത്തെത്തിയ തൃശ്ശൂർ സ്വദേശി, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള തൃശ്ശൂർ സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥീരികരിച്ച വ്യക്തി രോഗമുക്തി നേടി.യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയായ 39 കാരനാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇയാൾക്ക് ഒമിക്രോൺ നെഗറ്റീവായെന്ന് കണ്ടെത്തിയിരുന്നു. 12 ദിവസങ്ങൾക്ക് ശേഷമാണ് പരിശോധനാ ഫലം നെഗറ്റീവ് ആയത്.