Kerala, News

നേപ്പാളിലെ റിസോർട്ടിൽ എട്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി;അപകടമുണ്ടായത് ഗ്യാസ് ഹീറ്ററിലെ വാതകം ചോര്‍ന്ന്

keralanews eight malayalees found dead in a resort in nepal accident was caused by leaking gas from gas heater

കാഠ്മണ്ഡു:നേപ്പാളിലെ ദമാനിയെ എവറസ്റ്റ് പനോരമ റിസോർട്ടിൽ എട്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശികളായ പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത് കുമാര്‍ ടിബി (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അഭിനവ് (9), അഭി നായര്‍ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.രാവിലെ ഒന്‍പതു മണിയോടെയാണ് ഇവരെ അബോധാവസ്ഥയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്ത് ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചവര്‍. രാത്രി തണുപ്പകറ്റാന്‍ മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് വാതകം ചോര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 15 പേരടങ്ങുന്ന വിനോദസഞ്ചാര സംഘം ഇന്നലെയാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തത്. നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നു.രാവിലെ വാതിലില്‍ തട്ടിനോക്കുമ്പോൾ പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ എല്ലാവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുറിയിലെ ജനലുകളും വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അതിനാല്‍ മുറിയിലേക്ക് പുറത്തുനിന്നുളള വായുസഞ്ചാരം കടക്കാത്ത സ്ഥിതിയായിരുന്നുവെന്ന് മാനേജര്‍ പറയുന്നു.അതേസമയം, ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ തുടര്‍ന്നു വരികയാണ്.പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും ഇന്ത്യന്‍ എംബസി ഡോക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

Previous ArticleNext Article