തിരുവനന്തപുരം: രാജ്യത്ത് തന്നെ കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.അത്തരക്കാര്‍ ദിശാ നമ്പറിലേക്ക് വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുകയും വേണം. ഇവര്‍ 60 വയസിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി ഇടപഴകരുത്. സമൂഹ വ്യാപനം തടയനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എട്ട് ജില്ലകൾ കോവിഡ് ഹോട്സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിൽ നമ്മള് അതീവ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍,പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളാണ് കോവിഡ് ഹോട്സ്പോട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീഡിയോ കോൺഫറൻസ് നടത്തിയ കാര്യം മുഖ്യമന്ത്രി വിശദീകരിച്ചു.സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹത്തെ അറിയിച്ചു.ലോകത്താകെ വ്യാപിച്ചു കിടക്കുന്ന മലയാളികളുടെ സുരക്ഷയ്ക്ക് കേന്ദ്രം ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.വിദേശത്ത് ക്വാറന്റീൻ ഇന്ത്യൻ എംബസികളുടെ കീഴിൽ ഒരുക്കണം. നഴ്സുമാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. കൊറോണ ബാധിച്ചല്ലാതെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.വ്യാഴാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍സിസി,എന്‍.എസ്.എസ് വളണ്ടിയര്‍മാരെ കൂടി ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം വിപുലീകരിണക്കമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം അതുപ്രകാരം സന്നദ്ധ പ്രവര്‍ത്തന രംഗം വിപുലീകരിക്കുകയാണ്.സംസ്ഥാനത്ത് നിലവില്‍ 2,31,000 വളണ്ടിയര്‍മാര്‍ ഉണ്ട്.യുവജന കമ്മിഷന് രജിസ്റ്റര്‍ ചെയ്ത മറ്റ് ആളുകള്‍ കൂടി ഇതിന്റെ ഭാഗമായി ഇനി വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിന് പുറമേ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാര്‍ക്കുകൂടി ഇതില്‍ ചേരാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷമായി എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയില്‍ നിന്ന് വിട്ടുനില്ക്കുന്നവരെ കൂടി ഉള്‍ക്കൊള്ളിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതും സംസ്ഥാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.