മൂന്നാര്‍:രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേരുടെ മൃതദേഹം കണ്ടെടുത്തു.പ്രദേശത്തെ നാല് ലയങ്ങളിലുണ്ടായിരുന്ന എഴുപതോളം പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.തമിഴ് തൊഴിലാളികളാണ് ഇവിടെ കൂടുതലായും താമസിക്കുന്നത്.മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന് ദേവന് ആശുപത്രിയില്‍ എത്തിച്ചു. പളനിയമ്മ(50), ദീപന്(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.ദുര്‍ഘടമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘത്തിന് സ്ഥലത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എയര്‍ ലിഫ്റ്റിങ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.സ്ഥലത്ത് എത്തിച്ചേരുക പ്രയാസകരമാണെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ സേനയെ പ്രദേശത്തേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമുണ്ടെന്ന് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന് പറഞ്ഞു.