മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കേസില്‍ സതീഷിനെ പൊലീസ് പ്രതിചേര്‍ത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്.പീഡന ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. തീയേറ്റര്‍ ഉടമ സതീഷിനെ കേസില്‍ സാക്ഷിയാക്കി ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. സതീഷിനെ അറസ്റ്റ് ചെയ്തത് വലിയ വിവാദത്തിന് ഇടയാക്കിയതോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.സംഭവം നടക്കുന്ന സമയത്ത് തീയേറ്റര്‍ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം ജീവനക്കാര്‍ പറഞ്ഞാണ് പീഡന വിവരം അറിയുന്നത്. അന്ന് തന്നെ സതീഷ് സംഭവം ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.