കണ്ണൂർ: കണ്ണൂരില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് പറന്ന പ്രവാസികള്‍ക്കും ഇനിയങ്ങോട്ട് ഗള്‍ഫിലേക്ക് പോകാന്‍ ഒരുങ്ങുന്നവര്‍ക്കും, അവിടെ നിന്ന് തിരിച്ച് നാട്ടിലേക്ക് തിരികെയെത്തുന്നവര്‍ക്കും ഒരു സന്തോഷവാര്‍ത്തയുണ്ട്.കേരളത്തിന്റെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമാകാന്‍ ഒരുങ്ങുന്ന കണ്ണൂരില്‍ നിന്നും തുടക്കം സര്‍വ്വീസ് നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കായിരിക്കുമെന്ന് റിപ്പോര്‍ട്ടാണ് പ്രവാസികളെ സന്തോഷിപ്പിക്കുന്നത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിപെടാനുള്ള ഇവരുടെ മണിക്കൂറുകള്‍ കുറഞ്ഞുകിട്ടും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തുടക്കത്തില്‍ പത്ത് ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതിയ്ക്കായാണ് കണ്ണൂര്‍ കാത്തിരിക്കുന്നത്. നേരത്തെ വിദേശത്തും സ്വദേശത്തുമുള്ള വിമാന കമ്പനികളുമായി കിയാല്‍ ചര്‍ച്ച നടത്തിയതാണ്. ഈ ചര്‍ച്ചയില്‍ അനുകൂല നിലപാടുകളാണ് കമ്പനികള്‍ കൈക്കൊണ്ടതെന്നും കിയാല്‍ അറിയിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവരിലേറെയും വടക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ്. ഇവരെല്ലാം ആശ്രയിക്കുന്നതാകട്ടെ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ്. കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഇവരുടെ ഗള്‍ഫ് രാജ്യങ്ങളിക്കുള്ള പറക്കല്‍ എളുപ്പമാവും.