Kerala, News

ഇ ബുൾ ജെറ്റ് വിവാദം;പ്രകോപനപരമായ പോസ്റ്റിടുന്നവർക്കെതിരെ നടപടിയുമായി പോലീസ്

keralanews e bull jet controversy police take action against provocative posters

കണ്ണൂർ: യൂട്യൂബ് വ്‌ളോഗർമാരായ ഇബുൾജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായ സംഭവത്തിൽ പ്രകോപനപരമായ പോസ്റ്റിടുന്നവർക്കെതിരെ നടപടിയുമായി പോലീസ്.കഴിഞ്ഞദിവസം ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാരായ എബിനും ലിബിനും അറസ്റ്റിലായതിന് പിന്നാലെ കേരളം കത്തിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനലിന്റെ ഫോളോവേഴ്‌സ് എന്നവകാശപ്പെടുന്നവരാണ് കേരളം കത്തിക്കുമെന്ന് ആഹ്വാനം ചെയ്തത്. വ്‌ളോഗർമാർക്കെതിരെ കേസെടുത്തിരിക്കുന്നത് കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ്. ഇവരെ കൂടാതെ 17 സപ്പോർട്ടർമാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പോലീസ് സമൂഹമാദ്ധ്യമങ്ങൾ നിരീക്ഷിക്കുകയാണെന്നും പ്രകോപനപരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐപിഎസ് പറഞ്ഞു.കലാപമുണ്ടാക്കുന്നതിനു തുല്യമാണ് ഇവരുടെ ആഹ്വാനമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന റിപ്പോർട്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇത്തരത്തില്‍ പ്രചരണം നടത്തിയവരെ കണ്ടെത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വ്‌ളോഗര്‍ സഹോദരന്‍മാരുടെ അറസ്റ്റിനെ തുടര്‍ന്ന് തടിച്ചുകൂടിയ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌റ്റേഷനിൽ വെച്ച് പോലീസ് മർദ്ദിച്ചുവെന്ന ആരോപണവുമായി ഇവർ എത്തിയിരുന്നു. ഈ ആരോപണം പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു. അറസ്റ്റിനെ എതിർത്തപ്പോൾ ബലം പ്രയോഗിച്ച് നീക്കിയിരുന്നു. അപ്പോൾ ഉണ്ടായ മർദ്ദനമാവാൻ സാദ്ധ്യത ഉണ്ടെന്നും ഇളങ്കോ കൂട്ടിച്ചേർത്തു. ഇവരുടെ കേരളത്തിന് പുറത്ത് നിന്നുള്ള നിയമ ലംഘന വീഡിയോ പരിശോധിക്കും. എവിടെ നിന്നാണെന്ന് പരിശോധിച്ച് അവിടേക്ക് വിവരം കൈമാറും. ഇവർക്കെതിരെ ഉള്ള നടപടിയിൽ എതിരഭിപ്രായം ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Previous ArticleNext Article