തിരുവനന്തപുരം:കെഎസ്ആർടിസിയിലെ ഓപറേറ്റിങ് വിഭാഗത്തില്‍ പുതിയ ഡ്യൂട്ടി പാറ്റേണ്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഡബിള്‍ ഡ്യൂട്ടിയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്തിരുന്നിടത്ത് ഇനി മുതല്‍ ഒറ്റ ഡ്യൂട്ടിയായി. ആഴ്ചയില്‍ ആറു ദിവസവും ജോലിക്കെത്തണം. തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം വകവെക്കാതെയാണ് ജോലി സമയത്തില്‍ സമൂലമായ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പുതിയ ഡ്യൂട്ടി പാറ്റേണ്‍ പ്രകാരം 7000 രൂപയിൽ താഴെ വരുമാനമുള്ള ഷെഡ്യൂളുകളിലെ ജീവനക്കാരുടെ സിംഗിൾ ഡ്യൂട്ടി സമയം എട്ടരമണിക്കൂറായി ഉയർത്തി. ആറര മണിക്കൂർ ഒരു ഡ്യൂട്ടിയായും അതു കഴിഞ്ഞ് ബസ് ഓടിക്കുന്നുണ്ടെങ്കിൽ മണിക്കൂറിന് 200 രൂപ വീതം അധിക വേതനവും നൽകും.മറ്റു സർവീസുകൾക്ക് ആറര മണിക്കൂർ ഒരു ഡ്യൂട്ടിയായും 10 മണിക്കൂർ ഒന്നര ഡ്യൂട്ടിയായും 13 മണിക്കൂർ രണ്ടു ഡ്യൂട്ടിയായും 19.5 മണിക്കൂർ മൂന്നു ഡ്യൂട്ടിയായും ക്രമീകരിച്ചു. പ്രതിദിന വരുമാനം 8000 രൂപമുതൽ 10000 വരെയുള്ള ഓർഡിനറി ഡബിൾ ഡ്യൂട്ടികള്‍ ഒന്നര ഡ്യൂട്ടിയായി. 12000 രൂപവരെ വരുമാനമുള്ള ഷെഡ്യൂളുകൾ ഒരു മാസത്തിനകം വരുമാനം വർധിപ്പിച്ചില്ലെങ്കിൽ ഒന്നര ഡ്യൂട്ടിയിലേയ്ക്കു മാറ്റും. ഡ്യൂട്ടി പാറ്റേണ്‍ നിലനിർത്താൻ ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചു നഷ്ടം വരുത്തിയാൽ യൂണിറ്റ് അധികാരികളിൽ നിന്ന് നഷ്ടം ഈടാക്കുമെന്നും എംഡി എം.ജി.രാജമാണിക്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കോര്‍പറേഷനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. എന്നാല്‍ ഭരണാനുകൂല തൊഴിലാളി സംഘടനകളുള്‍പ്പെടെ കടുത്ത പ്രതിഷേധത്തിലാണ്. എഐടിയുസി ആഗസ്റ്റ് രണ്ടിന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കെഎസ്ആർടിസിയില്‍ ഡ്യൂട്ടി പരിഷ്കാരം ഇന്ന് മുതല്‍, ഡബിള്‍ ഡ്യൂട്ടി ഷെഡ്യൂളുകള്‍ കുറച്ചു
Previous Articleനഴ്സുമാരുടെ സമരം തീർക്കാൻ സർക്കാർ ഇടപെടൽ ഉടൻ ഉണ്ടാകില്ല