കാസർകോഡ്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പെരിയ ടൗണില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്.മറുനാടന്‍ തൊഴിലാളികളായ സോനു (22), വാസില് (25), മുന്ന (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കോണ്‍ക്രീറ്റ് പണി നടക്കുന്നിതിനിടെയാണ് പാളി തകര്‍ന്നത്.പാളിക്കടിയില്‍ സ്ഥാപിച്ച ഇരുമ്പ് തൂണുകള്‍ നിരങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വെള്ളിയാഴ്ച രാത്രിയിലാണ് 13.75 മീറ്റര്‍ നീളവും 16.6 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാളി കോണ്‍ക്രീറ്റ് ചെയ്യാന്‍ തുടങ്ങിയത്. അതില്‍ 180 ഘന മീറ്റര്‍ കോണ്‍ക്രീറ്റ് നിറച്ച് പണി പുരോഗമിക്കവെയാണ് മധ്യത്തില്‍ നിന്ന് പാളി തകര്‍ന്നുതുടങ്ങിയത്. മുകള്‍ഭാഗം കുഴിയാന്‍ തുടങ്ങിയതോടെ പാളിക്ക് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ രണ്ട് ഭാഗത്തേക്കും ഓടി രക്ഷപ്പെടുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.