India, News

പ്രക്ഷോഭത്തിനിടെ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച്‌ പ്രധാനമന്ത്രി;കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍

keralanews during agitation prime minister again justified agricultural laws govt ready to hold talks with farmers tomorrow

ന്യൂഡൽഹി:കർഷകരുടെ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി.തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കോടിക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിലപാട്.പതിറ്റാണ്ടുകള്‍ നീണ്ട തെറ്റായ നടപടികള്‍ കാരണം കര്‍ഷകരുടെ മനസ്സില്‍ തെറ്റിദ്ധാരണയുണ്ടെന്ന് തനിക്കറിയാം. ഗംഗാ ദേവിയുടെ കരയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വഞ്ചിക്കണമെന്ന ഉദ്ദേശ്യം തങ്ങള്‍ക്കില്ല. ഗംഗാ നദിയിലെ ജലം കണക്കെ പരിശുദ്ധമാണ് തങ്ങളുടെ ഉദ്ദേശ്യങ്ങളെന്നും മോദി പറഞ്ഞു.മുൻപുള്ള സംവിധാനമാണ് ശരിയെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് ആരെയും ഈ നിയമം തടയുന്നില്ല.പരമ്പരാഗത മണ്ഡികളെയും സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയെയും പുതിയ തുറന്ന വിപണി സംവിധാനം ഇല്ലാതാക്കുമെന്ന് അര്‍ഥമില്ലെന്നും മോദി പറഞ്ഞു.രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് കര്‍ഷകര്‍ക്ക് പ്രവേശനം ലഭ്യമാക്കുന്നതാണ് പുതിയ നിയമങ്ങള്‍. കര്‍ഷകര്‍ക്ക് പുതിയ സാധ്യതകളും സുരക്ഷയും നല്‍കുന്നതാണ് ഇതെന്നും മോദി ന്യായീകരിച്ചു.എന്നാൽ നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന ശക്തമായ നിലപാടിലാണ് കര്‍ഷകര്‍.അതിനിടെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചക്കുള്ള വേദി ഉടന്‍ തീരുമാനിക്കും. കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് ബിജെപി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്.

Previous ArticleNext Article