ദുബായ്: മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാലു പേരെ ആദരിച്ച് ദുബായ് ഭരണാധികാരി. പത്ത് ലക്ഷം രൂപ വീതമാണ് ഇവര്‍ക്ക് സമ്മാനമായി നല്‍കിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇവരെ ആദരിച്ചത്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗള്‍ഭിണിപ്പൂച്ചയെ താഴേക്ക് ചാടിച്ചാണ് ഇവര്‍ രക്ഷകരായത്.ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയില്‍ പകര്‍ത്തിയ കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി കട ഉടമയുമായ അബ്ദുല്‍ റാഷിദ് (റാഷിദ് ബിന്‍ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാന്‍ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവര്‍ക്കാണു പാരിതോഷികം. ഭരണാധികാരിയുടെ ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ നേരിട്ട് തുക സമ്മാനിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. ദുബായിലെ ദേരയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ പൂച്ച കുടുങ്ങുകയായിരുന്നു.ഇതു ശ്രദ്ധയില്‍പ്പെട്ട ഒരു സുഹൃത്ത് തൊട്ടടുത്ത് താമസിക്കുന്ന നാസറിനെ അറിയിക്കുകയായിരുന്നു. നാസര്‍ എത്തി തോര്‍ത്ത് ഇരു കൈകളിലും നിവര്‍ത്തിപ്പിടിച്ച് പൂച്ചയ്ക്ക് ചാടാന്‍ വഴിയൊരുക്കിയെങ്കിലും അത് ചാടിയില്ല. വഴിയാത്രക്കാരായ മൊറോക്കന്‍ സ്വദേശിയും പാക്കിസ്ഥാന്‍കാരനും ഒപ്പം കൂടി.വലിയൊരു പുതപ്പ് കൊണ്ടുവന്ന് മൂന്നുപേരും നിവര്‍ത്തിപ്പിടിച്ചതോടെ പൂച്ച അതിലേക്ക് ചാടുകയായിരുന്നു.വടകര സ്വദേശി മുഹമ്മദ് റാഷിദ് ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്.ഇവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സഹിതം അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ദുബായ് പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. ഞങ്ങളുടെ മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി, ഇവരെ തിരിച്ചറിയുന്നവര്‍ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ഞങ്ങളെ സഹായിക്കുക’ എന്ന് ഷെയ്ഖ് മുഹമ്മദ് പൂച്ചയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു.