കോഴിക്കോട്: മാങ്കാവിൽ വൻ ലഹരി മരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ലഹരി മരുന്നുകളുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. താമരശേരി അമ്പായത്തോട് സ്വദേശി റോഷനാണ് പിടിയിലായത്. ഇയാളെ എക്‌സൈസ് ചോദ്യം ചെയ്ത് വരികയാണ്. ലഹരിമരുന്നുകളായ എംഡിഎംഎയും എൽഎസ്ഡിയുമാണ് റോഷനിൽ നിന്നും എക്‌സൈസ് സംഘം പിടികൂടിയത്. താമരശേരിയിൽ വീട്ടമ്മയെ വളർത്തു നായകൾ ആക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ റോഷൻ.രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെ വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകൻ ആയ റോഷന്റെ വളർത്തു നായ ഫൗസിയ എന്ന വീട്ടമ്മയെ കടിക്കുകയായിരുന്നു. എസ്റ്റേറ്റ് വഴി ജോലിക്കു പോകുകയായിരുന്ന ഫൗസിയയെ റോട്ട് വീലർ ഇനത്തിൽപ്പെട്ട മൂന്ന് വളർത്തുനായ്‌ക്കൾ ചേർന്നാണ് കടിച്ച് പരിക്കേൽപ്പിച്ചത്. നാട്ടുകാർ എത്തിയാണ് വീട്ടമ്മയെ രക്ഷിച്ചത്.ഈ നായ്‌ക്കൾ ഇതിന് മുൻപും പ്രദേശവാസികളെ ഉപദ്രവിച്ചിട്ടുണ്ട്. അക്രമകാരികളായ നായ്‌ക്കളെ അലസമായാണ് റോഷൻ കൈകാര്യം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയർന്നിരുന്നു.