India, News

കൊവിഡ് വാകസിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം

keralanews drugs controller of india instructs serum institute to stop selecting people for covid vaccine test

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) നിര്‍ദേശം.ഇതുവരെ വാക്സിന്‍ കുത്തിവെച്ചവരില്‍ സുരക്ഷാനിരീക്ഷണം ശക്തമാക്കണം.അത് സംബന്ധിച്ച രൂപരേഖയും റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.ട്രയലിന് വളണ്ടിയര്‍മാരായി എത്തിയവരുടെ വിവരങ്ങളും നല്‍കണം. പരീക്ഷണത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നത് പുനരാരംഭിക്കുന്നതിന് മുന്‍പ് യു.കെയിലേയും ഇന്ത്യയിലേയും ഡാറ്റ ആന്‍റ് സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ഡി.സി.ജി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്ന് വികസിപ്പിച്ച ‘കോവഷീല്‍ഡ്’ എന്ന കോവിഡ് പ്രതിരോധ വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. മഹാരാഷ്ട്രയിലെ പൂനെയില്‍ ആഗസ്റ്റ് 27 നാണ് ആളുകളില്‍ കുത്തിവെച്ചുള്ള രണ്ടാംഘട്ട പരീക്ഷണം നടത്തിയത്. വളണ്ടിയര്‍മാര്‍ക്ക് എത്ര ഡോസ് വീതം നല്‍കിയെന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടില്ല. മൂന്നാംഘട്ട പരീക്ഷണത്തില്‍ രാജ്യത്തെ 17 സ്ഥലങ്ങളില്‍ നിന്നായി 1600 ഓളം വളണ്ടിയര്‍മാരെയാണ് തെരഞ്ഞെടുത്തിരുന്നത്.നിലവില്‍ ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ രണ്ടും മൂന്നും ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലാണുള്ളത്. യു.കെയില്‍ വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഓക്സ്ഫഡ്- അസ്ട്രാസെനെക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. അജ്ഞാതരോഗം കോവിഡ് പ്രതിരോധ മരുന്നിന്റെ  പാര്‍ശ്വഫലമാണെന്ന സംശയമാണുള്ളത്. തുടര്‍ന്ന് ഡി.സി.ജി.ഐ നിര്‍ദേശ പ്രകാരം സെറം ഇന്‍സ്റ്റിറ്റ്യൂട്ടും കോവിഡ് പരീക്ഷണം നിര്‍ത്തിവെക്കുകയായിരുന്നു.

Previous ArticleNext Article