വയനാട്: സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര് കസ്റ്റഡിയിലായി.വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി അരങ്ങേറിയത്.എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം ക്രിമിനല്‍ക്കേസ് പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരുമാണെന്നാണ് പൊലീസ് നല്കുന്ന വിവരം.കമ്പളക്കാട് മുഹ്സിന് എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷമായിരുന്നു റിസോര്‍ട്ടില്‍ നടന്നത് എന്നാണ് വിവരം. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. സ്വകാര്യ റിസോർട്ടിൽ ലഹരിപാർട്ടി നടക്കാൻ പോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു. ഇവരാണ് കിർമാണി മനോജ് അടക്കമുള്ള പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധക്കേസിലെ രണ്ടാംപ്രതിയാണ് കിര്‍മാണി മനോജ്. ആര്.എസ്.എസ്. പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ്.