Kerala, News

കണ്ണൂരിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട:ദമ്പതികൾ അറസ്റ്റിൽ

keralanews drug hunt in kannur couples arrested

കണ്ണൂർ: കണ്ണൂരിൽ ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട.സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു.കണ്ണൂർ സ്വദേശിയായ അഫ്‌സലും ഭാര്യ ബൾക്കീസുമാണ് അറസ്റ്റിലാകുന്നത്. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങുന്നത്. ഇവരുടെ കയ്യിൽ നിന്നും ഏകദേശം രണ്ട് കിലോയോളം എംഡിഎംഎ, 7.5 ഗ്രാം ഒപിഎം, 67 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് കണ്ടെത്തിയത്. ഒരു കോടിയ്‌ക്ക് മുകളിൽ വരുന്ന മയക്കുമരുന്നുകളാണിവയെന്നും പോലീസ് അറിയിച്ചു. ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ കണ്ണൂരിലേക്ക് തുണത്തരങ്ങളുടെ പാർസൽ എന്ന വ്യാജേനയാണ് ഇവർ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയത്.കണ്ണൂരിലെ പ്ലാസ ജങ്ഷനിലെ പാർസൽ ഓഫീസിൽ എത്തിച്ച് അവിടെ നിന്നും പ്രതികൾ സാധനം കൈപ്പറ്റുമ്പോഴാണ് പോലീസ് എത്തി പിടികൂടുന്നത്. അഫ്‌സലിന്റെ ഭാര്യ ബൾക്കീസിന് നേരത്തെ എടക്കാട് പോലീസ് സ്‌റ്റേഷനിൽ മറ്റൊരു മയക്കുമരുന്ന് കേസുണ്ടെന്ന് ജില്ലാ പോലീസ് കമ്മീഷ്ണർ ആർ ഇളങ്കോ വ്യക്തമാക്കി. വാട്‌സ്ആപ്പ് വഴിയാണ് പ്രതികൾ മയക്കുമരുന്നിന് ആവശ്യക്കാരെ കണ്ടെത്തുന്നത്.ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് ചെറിയ പൊതികളാക്കി എത്തിച്ച് നൽകും. പൊതി വഴിയരികിൽ ഉപേക്ഷിച്ച് പോകുന്ന രീതിയാണ് പ്രതികൾ സ്വീകരിച്ച് വന്നത്. കണ്ണൂരിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ ഇരുവരും. കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Previous ArticleNext Article