ബെംഗളൂരു: ലഹരിമരുന്ന് കടത്തുകേസില്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയിരുന്നു.മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമായി അന്വേഷിക്കുന്നത്.അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇതിന്റെ വസ്തുത തേടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.ഓഗസ്റ്റ് 21നാണ് ബിനീഷിനെ ആദ്യമായി ചോദ്യം ചെയ്തത്. രണ്ടാമത്തെ തവണ ചോദ്യം ചെയ്യാനായി ഒക്ടോബര്‍ 21ന് വീണ്ടും വിളിപ്പിച്ചെങ്കിലും ആരോഗ്യകാരണങ്ങളാല്‍ എത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വീണ്ടും വിളിപ്പിച്ചത്.