കോതമംഗലം: കൈ മുറിഞ്ഞയാളെ ആശുപത്രിയില്‍ കൊണ്ടുപോകവേ മ്ലാവിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം എളംബ്ലാശ്ശേരി പറമ്പിൽ പി.എൻ.വിജില്‍ (41) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കളപ്പാറയ്ക്ക് സമീപം ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. റോഡിന്റെ ഇടതുവശത്ത് നിന്നും ചാടിയ മ്ലാവ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയും വിജില്‍ ഓടിച്ച ഓട്ടോറിക്ഷ മറിയുകയും ചെയ്തു.ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനംവകുപ്പ് ജീവനക്കാരും ചേർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലുവ രാജഗിരിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു.എന്നാൽ ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ വിജില്‍ മരണപ്പെട്ടു.വണ്ടി മറിഞ്ഞ ആഘാതത്തില്‍ വാരിയെല്ലുകള്‍ തകർന്ന് രക്തസ്രാവം നില്‍ക്കാതെ വന്നതാണ് മരണകാരണം.കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജലീലിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നേര്യമംഗലം ആറാം മൈല്‍ വഴി എളംബ്ലാശ്ശേരിയിലെ വീട്ടില്‍ എത്തിച്ചു. പ്രതിഷേധം ഭയന്ന് പൊലീസ് അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുപോയത്.