എറണാകുളം:പറവൂരില്‍ ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ കാർഡ്രൈവർ പിടിയിൽ.ചെങ്ങമനാട് ചാലക്ക കോന്നം വീട്ടില്‍ യൂസഫ് (62) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് എറണാകുളത്ത് നെടുമ്പാശ്ശേരി പറവൂര്‍ റോഡില്‍ ചാലാക്കയില്‍ അതിക്രൂരമായ സംഭവം അരങ്ങേറിയത്.30 കിലോമീറ്ററോളം വേഗത്തില്‍ പാഞ്ഞ കാറിന്റെ ഡിക്കിയില്‍ നായയെ ബന്ധിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു. ഓടി തളര്‍ന്നു അവശനായി വീണ നായയെ റോഡിലൂടെ വലിച്ചിഴച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖില്‍ എന്ന യുവാവാണ് ഈ ദൃശ്യം പകര്‍ത്തിയത്. അത്താണിയിലൂടെ സഞ്ചാരിക്കുന്നതിനിടെയാണ് ഒരു നായയെ കാറില്‍ കെട്ടിവലച്ചു കൊണ്ടു പോകുന്ന കാഴ്ച അഖിലിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സംഭവം മൊബൈല്‍ പകര്‍ത്തിയ യുവാവ് ഇടപെട്ട് കാര്‍ നിര്‍ത്തിയെങ്കിലും കാര്‍ ഡ്രൈവര്‍ അഖിലിനോട് കയര്‍ത്തു സംസാരിച്ചു. എന്നാല്‍ കൊടും ക്രൂരത ചോദ്യം ചെയ്തുള്ള നിലപാടില്‍ അഖില്‍ ഉറച്ചു നിന്നതോടെ ഇയാള്‍ നായയെ അവിടെ ഉപേക്ഷിച്ചു പോയി.ഏതാണ്ട് അറുന്നൂറ് മീറ്ററോളം നായയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടു പോയി എന്നാണ് അഖില്‍ പറയുന്നത്. സംഭവത്തില്‍ അഖില്‍ മൃഗസംരക്ഷണവകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കര്‍ശന നടപടി സ്വീകരിക്കാന്‍ റുറല്‍ എസ് പി കെ കാര്‍ത്തിക് നിര്‍ദ്ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ചെങ്ങമനാട് പൊലീസ് താമസിയാതെ യൂസഫിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചെങ്ങമനാട് സി ഐ ടി.കെ. ജോസിയുടെ നേതൃത്വത്തിലാണ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. മൃഗസംരക്ഷണ നിയമപ്രകാരവും കേരള പൊലീസ് ആക്ട് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ്സ് ചാര്‍ജ്ജുചെയ്തിട്ടുള്ളത്.പരമാവധി രണ്ടുകൊല്ലം വരെ ശിക്ഷകിട്ടാവുന്ന കുറ്റകൃത്യമാണ് ഇത്. കാറിന് പിന്നില്‍ കെട്ടിവലിച്ച നായയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ ആനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്. കാറില്‍ കെട്ടിവലിച്ച നായയുടെ പിന്നാലെ ഓടിയ നായയെയും തങ്ങള്‍ക്ക് കണ്ടെത്താനായതായി ‘ദയ’ പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് നായകളും നിലവില്‍ ‘ദയ’ പ്രവര്‍ത്തകരുടെ പരിപാലനത്തിനലാണ്.അതിനിടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ഫേസ്ബുക്കില്‍ അറിയിച്ചു. യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് നിര്‍ദേശം മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.