കണ്ണൂര്‍: പ്ലാന്റില്‍ ചെളിവെള്ളം കയറിയതിനെ തുടര്‍ന്നു കുടിവെള്ള വിതരണ പമ്പിങ് നിര്‍ത്തിവച്ചു. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ കുടിവെള്ള വിതരണം തടസപ്പെട്ടു. ഞായറാഴ്ച വരെ കുടിവെള്ളം വിതരണം മുടങ്ങുമെന്നാണ് അറിയുന്നത്. പഴശി ഡാമിലെ പമ്പ് ഹൗസിലും ചാവശേരി പറമ്പിലെ ശുചീകരണ പ്ലാന്റിലും ചെളിയോടെയുള്ള വെള്ളം കയറിയതിനെ തുടര്‍ന്നാണ് പമ്പിങ് നിര്‍ത്തിവച്ചത്.മലയോര മേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നു പഴശി ഡാമിലേക്ക് ചെളിയോടെയുള്ള വെള്ളം കുത്തിയൊഴുകിയതാണ് കുടിവെള്ള പ്ലാന്റിലും ചെളി കയറാനിടയായത്. ഡാമിലെ പമ്പ് ഹൗസില്‍ നിന്നു ശേഖരിക്കുന്ന വെള്ളം ചാവശേരി പറമ്പിലേയും മറ്റും പ്ലാന്റിലേക്ക് പമ്പ് ചെയ്താണ് ശുചീകരിക്കുന്നത്.ശുചീകരണ പ്ലാന്റില്‍ ചെളി അടിഞ്ഞുകൂടിയതോടെ ശുചീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് പമ്പിങ് നിര്‍ത്തിവച്ചത്. പ്ലാന്റിലെ ചെളി നീക്കി ശുചീകരിച്ചതിനു ശേഷമേ പമ്പിങ് പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്നു അധികൃതര്‍ അറിയിച്ചു.കണ്ണൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് തടസപ്പെട്ടതിനാല്‍ കണ്ണൂര്‍ കോര്‍പറേഷനിലും സമീപ പഞ്ചായത്തുകളിലുമാണ് കുടിവെള്ളം മുടങ്ങിയത്. പെരളശേരി പദ്ധതിയില്‍ നിന്നു 11 പഞ്ചായത്തുകളിലും കൊളച്ചേരി പദ്ധതിയുടെ മട്ടന്നൂര്‍ നഗരസഭയിലും കീഴല്ലൂര്‍, കൂടാളി, നാറാത്ത്, കുറ്റ്യാട്ടൂര്‍, കൊളച്ചേരി തുടങ്ങിയ പഞ്ചായത്തുകളിലുമാണ് കുടിവെള്ള വിതരണം മുടങ്ങിയത്.