കണ്ണൂർ: കണ്ണൂർ ജില്ലയിലെ കുടിവെള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉടൻ പൂർത്തിയാക്കാൻ നിർദേശം. വരൾച്ച നേരിടാനായി നടത്തിയ മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന വകുപ്പ് മേധാവികളുടെ യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് നിർദേശം മുന്നോട്ട് വെച്ചത്.
കുടിവെള്ള വിതരണത്തിന് 355 ജല കിയോസ്കുകൾ നിലവിലുണ്ട്. 400 ലേറെയുള്ള സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കുന്നതിനുള്ള സ്റ്റാൻഡ് നിർമിക്കുന്നതിന് ഭരണാനുമതി നൽകിയതായി യോഗം വിലയിരുത്തി. ജലവിതരണത്തിനായി ഉപയോഗിക്കുന്ന കിണറുകളിൽ നിന്നുള്ള ജലത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാൻ ഇതിനോടകം പരിശോധന പൂർത്തിയാക്കി.
താലൂക്ക് അടിസ്ഥാനത്തിൽ വരൾച്ച നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല നൽകിയതായി ജില്ലാ കളക്ടർ മിർ മുഹമ്മദലി പ്രഖ്യാപിച്ചു.
ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട വാട്ടർ കിയോസ്കുകൾ, ടാങ്കർ ലോറികൾ വഴിയുള്ള ജലവിതരണം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സഹായിക്കുന്ന പ്രതേക മൊബൈൽ ആപ്പ് ഒരാഴ്ചയ്ക്കകം തയ്യാറാകുമെന്നും കളക്ടർ പറഞ്ഞു. ജലസംരക്ഷണത്തിന്റെ ഭാഗമായി മഴവെള്ള സംഭരണം, കിണർ റീചാർജിങ് തുടങ്ങിയ രീതികൾ പ്രവർത്തികമാക്കും. ഒരു മാസത്തിനകം പുതിയ കുഴല്കിണറുകൾ കുഴിയ്ക്കരുതെന്നു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ജപ്പാൻ കുടിവെള്ളമെത്താത്ത ഭാഗങ്ങളിൽ താത്കാലികമായി ലോറികളിൽ വെള്ളം എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും തന്റെ മണ്ഡലത്തിൽ സ്വീകരിച്ച വരൾച്ച നിവാരണ പദ്ദതികളെ കുറിച്ച് സണ്ണി ജോസഫ് എം എൽ എ വിശദീകരിച്ചു.