Kerala, News

ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു;വിട വാങ്ങിയത് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച മഹനീയ വ്യക്തിത്വം

keralanews doyen of ayurveda dr p k warrier who was honored by the country with the padma bhushan passed away

കോട്ടക്കല്‍: ആയുര്‍വേദാചാര്യന്‍ പത്മഭൂഷണ്‍ ഡോ. പികെ വാരിയര്‍(100) അന്തരിച്ചു. കോട്ടക്കലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ മാത്രമല്ല, ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ടാം തീയ്യതിയാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്.രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുര്‍വേദ ചികിത്സാ സ്ഥാപനമായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു.ആയുര്‍വേദത്തിന് ശാസ്ത്രീയ മുഖം നല്‍കിയ പ്രതിഭ എന്ന നിലയിലാണ് ചരിത്രം ഡോ.പി.കെ. വാര്യരെ അടയാളപ്പെടുത്തുന്നത്. സ്മൃതി പര്‍വ്വം എന്ന പി.കെ. വാര്യരുടെ ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെമ്പാടും പിന്നീട് രാജ്യത്തിന് പുറത്തേക്കും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പ്രവ‍ര്‍ത്തനം വ്യാപിപ്പിച്ചത് ഡോ.പി.കെവാര്യരാണ്. 1999-ല്‍ പത്മശ്രീയും 2009-ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആ വൈദ്യരത്നത്തെ ആദരിച്ചു. ഡിലിറ്റ് ബിരുദം നല്‍കി കോഴിക്കോട് സ‍ര്‍വ്വകലാശാലയും അദ്ദേഹത്തെ അനുമോദിച്ചു.അന്തരിച്ച കോടി തലപ്പണ ശ്രീധരന്‍ നമ്ബൂതിരിയുടേയും വൈദ്യരത്നം പി.എസ്. വാരിയരുടെ സഹോദരി പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായാണ് ജനനം. ഭാര്യ: വിദുഷിയും കവയിത്രിയും സഹൃദയയുമായിരുന്ന കക്കടവത്ത് വാരിയത്ത് മാധവിക്കുട്ടി വാരസ്യാര്‍. മക്കള്‍: ഡോ. കെ.ബാലചന്ദ്രന്‍, സുഭദ്രരാമചന്ദ്രന്‍, പരേതനായ വിജയന്‍ വാര്യര്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍.

Previous ArticleNext Article