കണ്ണൂര്‍: കൊറോണ വൈറസ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ച മാഹി സ്വദേശി മെഹറൂഫിന് രോഗം ബാധിച്ചത് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണെന്ന് സൂചന. എഴുപത്തൊന്നുകാരനായ മഹറൂഫ് കഴിഞ്ഞിരുന്ന ഐസിയു മുറിയില്‍ നേരത്തെ കൊറോണ രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയും ഉണ്ടായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ഇരുവരും ഒരേ ഐസിയുവിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത് . ചെറുവാഞ്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മാത്രമാണ് മഹ്റൂഫിന്റെ സ്രവം പരിശോധിച്ചത്. സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.ചെറുവാഞ്ചേരി സ്വദേശിയും മരിച്ച മഹ്റൂഫും ഐസിയുവില്‍ പ്രത്യേകം മുറികളിലായിരുന്നെന്ന് സ്വകാര്യ ആശുപത്രി വക്താവ് അറിയിച്ചു.എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാന്‍ ഒരു സാധ്യതയുമില്ലെന്നും സ്വകാര്യ ആശുപത്രി വ്യക്തമാക്കി.നാല് ദിവസമായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് ഇന്ന് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു മരണം.